ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

തലനാട് പ്രദേശം ആദ്യകാലത്ത് “തലൈനാട്” എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഉയര്‍ന്ന പ്രദേശം എന്നായിരിക്കാം ഈ പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ ഇരുപതോളം ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന “അയ്യമ്പാറ”യുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. പഞ്ചപാണ്ഡവന്‍മാര്‍ വനവാസകാലത്ത് ഇവിടെ ഗുഹകളില്‍ താമസിച്ചിരുന്നു എന്നതാണ് അക്കൂട്ടത്തില്‍ പ്രബലമായ ഐതിഹ്യം. അഞ്ചുപേര്‍ താമസിച്ചതുകൊണ്ടാണത്രെ അയ്യമ്പാറ എന്ന പേരു ലഭിച്ചത്. ഇവിടെ ഒരു അയ്യപ്പന്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. അയ്യപ്പന്‍ വസിക്കുന്ന മല ആയതുകൊണ്ടാണ് അയ്യമ്പാറ എന്ന പേരു കൈവന്നതെന്നും അഭിപ്രായം കേള്‍ക്കുന്നുണ്ട്. ഏതാണ്ട് 800 വര്‍ഷം മുമ്പുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. കല്ലിടംകാവ് ഭഗവതിക്ഷേത്രമാണ് ഇവിടുത്തെ പുരാതനവും പ്രധാനവുമായ ആരാധനാലയം. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം മീനച്ചിലാറിന്റെ കൈവഴിയായ തീക്കോയിയാറൊഴുകുന്നു. പഞ്ചായത്തിന്റെ മുക്കാല്‍ ഭാഗവും മലകളും മലഞ്ചെരിവുകളുമാണ്. ഇടുക്കി ജില്ലയോട് അടുത്തഭാഗങ്ങളില്‍ ഒരു നല്ല ശതമാനവും പുല്ലുമാത്രം വളരുന്ന പാറക്കൂട്ടങ്ങളാണ്. പഴയകാലത്ത് വലിയ വള്ളങ്ങള്‍ വരെ മീനച്ചിലാറ്റിലൂടെ തീക്കോയിയാറ്റിലെത്തി തേങ്ങ, കൊപ്ര, കുരുമുളക് തുടങ്ങിയവ കൊണ്ടുപോയിരുന്നു. അക്കാലത്ത് കൊപ്രയുടെ മാര്‍ക്കറ്റ് ആലപ്പുഴയിലായിരുന്നു. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കുരുമുളക്, ഏലം, ഗ്രാമ്പു, ഇഞ്ചി, മഞ്ഞള്‍, കറുവ, സര്‍വ്വസുഗന്ധി തുടങ്ങിയ സുഗന്ധവര്‍ഗ്ഗവിളകള്‍ സമൃദ്ധമായി വളരുന്നു. അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങളും, അസാധാരണങ്ങളായ പുഷ്പസസ്യലതാദികളും കൊണ്ട് നിറഞ്ഞ ഇവിടം വിനോദസഞ്ചാരികളുടെ പറുദീസയാണ്. വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍ കൊണ്ടും വളരെ സവിശേഷതകള്‍ നിറഞ്ഞതാണ് ഈ പ്രദേശം. ഈ പഞ്ചായത്തിലും അയല്‍പഞ്ചായത്തുകളിലും കാണപ്പെടുന്ന “ഗോക്കല്ല്” എന്ന് വിളിക്കപ്പെടുന്ന ഏഴടി നീളവും അഞ്ചടി വീതിയുമുള്ള ശിലാപാളികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ശവക്കല്ലറകള്‍ ശിലായുഗകാലത്തുതന്നെ ഈ പ്രദേശത്ത് ആള്‍പ്പാര്‍പ്പുണ്ടായിരുന്നു എന്ന സൂചനകള്‍ നല്‍കുന്നു. ഈ ഭൂപ്രദേശം മുന്‍കാലത്ത് പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. പൂഞ്ഞാര്‍ രാജകുടുംബത്തെ “പൂഞ്ഞാര്‍ കോയിക്കല്‍” എന്നാണ് അക്കാലത്ത് വിളിച്ചിരുന്നത്. “കീഴ്കോയിക്കല്‍” എന്നു വിളിച്ചിരുന്ന പ്രദേശമാണ് തീക്കോയിയായി മാറിയത്. ഇവിടുത്തെ ആദ്യകാല നിവാസികള്‍ ഊരാളികള്‍, മലയരയന്മാര്‍, ഉള്ളാടന്മാര്‍ തുടങ്ങിയവരായിരുന്നു. ഇംഗ്ളണ്ടിലെ ഡാറാസ് മെയില്‍ കമ്പനിക്കാരാണ് 1908-ല്‍ ഇവിടെ റബര്‍കൃഷി ആരംഭിച്ചത്. അന്നത്തെ തൊഴിലാളികള്‍ അധികവും തമിഴരായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനം തമിഴ്നാട്ടിലുണ്ടായ വലിയ ക്ഷാമമാണത്രേ തമിഴരെ കൂട്ടമായി ഇവിടേക്ക് എത്തിച്ചത്. എസ്റ്റേറ്റിലേക്ക് കമ്പനിക്കാരാണ് റോഡുകള്‍ വെട്ടിത്തുറന്നത്. അന്ന് കാളവണ്ടികളും പോത്തുവണ്ടികളുമായിരുന്നു വാഹനങ്ങള്‍. നാടകങ്ങളും, നാടന്‍പാട്ടുകളും, ചരിത്രനാടകങ്ങളും, പുരാണനാടകങ്ങളും, ക്രിസ്തീയചരിത്രകഥകളെ ആസ്പദമാക്കിയുള്ള ചവിട്ടുനാടകങ്ങളും ഈ പ്രദേശത്തെ ഏറെ പ്രചാരമാര്‍ജ്ജിച്ച കലാപരിപാടികളായിരുന്നു. സദാരാമ, ഭാമാവിജയം, പാരിജാതം, രാമായണം, ജനോവ എന്നീ നാടകങ്ങള്‍ അക്കാലത്ത് പ്രസിദ്ധമായിരുന്നു. കൂടാതെ വയലുകളില്‍ കൊയ്ത്തുപാട്ടും ഞാറുനടീല്‍പാട്ടും പൂണ്ടക്കിളപ്പാട്ടും പതിവായിരുന്നു. അതെല്ലാം തന്നെ നാടന്‍ പാട്ടുകളായിരുന്നു. നെല്‍കൃഷിക്ക് വിത്തുവിതയ്ക്കുമ്പോള്‍ ഇരുപതും മുപ്പതുംപേര്‍ ഒരു നിരയായി നിന്ന് കിളച്ചുകോരുകയായിരുന്നു രീതി. പൂണ്ടന്‍കിള എന്നപേരിലറിയപ്പെടുന്ന ഈ കിളയ്ക്ക് കിളക്കാരിലൊരാള്‍ പാടിക്കൊടുക്കുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്തിരുന്നു. പാട്ടിന്റെ (പൂണ്ടക്കിളപ്പാട്ട്) താളം മുറുകുമ്പോള്‍ തൂമ്പ കൊണ്ടുള്ള കിളയും വേഗതയിലാകും. ഗിരിവര്‍ഗ്ഗക്കാരുടെയിടയിലുള്ള പ്രധാനപ്പെട്ട ഒരു കളിയായിരുന്നു കോല്‍ക്കളി. പില്‍ക്കാലത്ത് കോല്‍കളിയുടെ സ്ഥാനം മുസ്ളിങ്ങള്‍ക്കിടയിലേക്കും വ്യാപിച്ചു. പഞ്ചായത്തില്‍ വാസമുറപ്പിച്ചിട്ടുള്ള തമിഴര്‍ അവരുടെ ഉത്സവമായ ‘അമ്മന്‍കുടം’ അത്യാഘോഷപൂര്‍വ്വം കൊണ്ടാടുന്നു. 1901-ല്‍ സി.എം.എസ് സഭ ആരംഭിച്ച എല്‍.പി.സ്കൂളാണ് ഈ പ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ കേന്ദ്രം. വ്യത്യസ്ത മതവിഭാഗക്കാരുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളിലെ ഉത്സവങ്ങളും തിരുനാളുകളും മറ്റാഘോഷങ്ങളുമൊക്കെ നാനാജാതിമതസ്ഥര്‍ ഒന്നിച്ചാഘോഷിക്കുന്നു. ലോക വികലാംഗപഞ്ചഗുസ്തി മത്സരത്തില്‍ മെഡല്‍ ജേതാവായ ജോബി നെല്ലിവേലില്‍, കാഞ്ചന്‍ജംഗ കൊടുമുടി കയറിയ ആദ്യമലയാളിയായ ജൈന്‍ ആന്‍ഡ്രൂസ് എന്നിവര്‍ ഈ പഞ്ചായത്തുകാരാണ്. തലനാട് പബ്ളിക് ലൈബ്രറിയാണ് പഞ്ചായത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രം. തലനാട് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം, മേലടുക്കം, തലനാട് എന്നീ സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ചികിത്സാകേന്ദ്രങ്ങള്‍. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളിലായി നാല് എല്‍.പി.സ്ക്കൂളുകളും, രണ്ട് ഹൈസ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ശാന്തിഗിരിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് വൃദ്ധസദനം പഞ്ചായത്തിലെ പ്രമുഖ അഗതിമന്ദിരമാണ്. അയ്യമ്പാറ, ഇല്ലിക്കക്കല്ല്, മാര്‍മല അരുവി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കക്കല്ല് ഏറെ സാഹസിക സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. മാര്‍മല അരുവി പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള ഒരു വലിയ വെള്ളച്ചാട്ടമാണ്.